പരിചയം
ഗന്ധര്‍വ്വരാജനായ പുഷ്പദന്തനാൽ വിരചിതമായ ശിവമഹിമ്നഃ സ്തോത്രത്തിന് സ്മാര്‍ത്തസമുദായത്തിൽ വളരെയധികം ആദരവാണുള്ളത്. രുദ്രാഭിഷേകത്തിലെ രുദ്രപഞ്ചമാദ്ധ്യായ സന്ദർഭത്തിലും, സ്വതന്ത്രരൂപത്തിലും അവർ ഈ സ്തോത്ര പാഠം ചെയ്തുവരുന്നുണ്ട്. അതായത് ഇതിനെ വേദതുല്യമായിട്ടുതന്നെ മാനിക്കുന്നു വെന്ന്. ”ഭാരതം പഞ്ചമോ വേദഃ” എന്നു പ്രസിദ്ധിയുള്ളതുപോലെ മഹിമ്നഃസ്തോത്രം ”ദ്വിതീയരുദ്ര” രൂപത്തിൽ പ്രസിദ്ധമാണ്. ഇതിനൊരു കാരണം ഇതിന്റെ വിഷയ ഗാംഭീര്യമാണ്. രുദ്രാദ്ധ്യായത്തെ രുദ്രോപനിഷത്തെന്നും വിളിക്കാറുണ്ട്. അതില്‍ സര്‍വ്വാത്മരൂപത്തിലുള്ള ശിവ വര്‍ണ്ണനയാണ്. ”രുദ്രോപനിഷദപ്യേവം സ്തൗതി സര്‍വ്വാത്മകം ശിവം” ”നമസ്തേ രുദ്ര” ഇത്യാദിയിൽ നമസ്ക്കാരവചനമുള്ളതിനാല്‍ അവ സ്തുതിയുടെ രൂപത്തിലാണ്. ഭക്തിപൂര്‍ണ്ണമാണ്. അതോടൊപ്പം തന്നെ അദ്വൈതശിവവര്‍ണ്ണനാത്മകവുമാണ്. അതുപോലെ തന്നെ മഹിമ്നഃസ്തോത്രവും ”പ്രണിഹിതനമസ്യോഽസ്മി” ”നമോനേദിഷ്ഠായ” ഇത്യാദിയുടെ ഉക്താർത്ഥത്തെ സംബന്ധിച്ച് നമസ്ക്കാരസഹിതമാണ്. ഭക്തിപൂര്‍ണ്ണവും പരമതത്ത്വവര്‍ണ്ണനാത്മക വുമാണ്. ദ്വിതീയ രുദ്രരൂപത്തിലുള്ള പ്രസിദ്ധിയ്ക്ക് വിഷയഗാംഭീര്യം എത്ര സഹായക മായോ അതുതന്നെ കര്‍ത്തൃഗൗരവത്തിലും കാണാവുന്നതാണ്.
ആധുനികരുടെ ഗവേഷണങ്ങളും മഹിമ്നഃസ്തോത്രത്തിന്റെ പ്രാചീനതയ്ക്ക് തെളിവായിട്ട് പറയുന്നത് പന്ത്രണ്ടാംനൂറ്റാണ്ടിലെ ശിലാലിഖിതം തന്നെയാണ്. അതായത് അപ്പോഴേയ്ക്കും ഈ സ്തോത്രം അത്രയ്ക്കും ലോകപ്രിയവും ശ്രദ്ധേയവുമായി ത്തീർന്നിരുന്നു; അതിനെ എന്നന്നേയ്ക്കുമായി നിലനിർത്തുന്നതിനു വേണ്ടിയാണ് അവർ ശിലയിൽ രേഖപ്പെടുത്തിവച്ചത്. അതുകൊണ്ട് മറിച്ചുള്ള ശക്തമായ അന്യപ്രമാണങ്ങൾ ഇല്ലാത്തതിനാൽ ഇത് വാർത്തികകാരൻ കാത്യായനഋഷിയുടെ രചനയാണെന്നു മാനിക്കുന്നത് അനുചിതമെന്ന് കരുതാനാകില്ല.
വിഷയം
വിഷയദൃഷ്ടിയിൽ മഹിമ്നഃസ്തോത്രം അത്യന്തം ഗംഭീരമാണ്. ആദ്യത്തെ ഒന്‍പതു ശ്ലോകങ്ങളിൽ നിരാകാര, സാകാര ശാശ്വത-അര്‍വാചീന സ്വരൂപങ്ങളുടെ വിശദമായ വര്‍ണ്ണനയാണുള്ളത്. അതുകഴിഞ്ഞാൽ ഭക്തി പ്രവർദ്ധനാർത്ഥം വന്നിരിക്കുന്ന പതിനഞ്ചുശ്ലോകങ്ങളിൽ (”തവൈശ്വര്യം യത്നാത്” മുതല്‍ ”ശ്മശാനേഷ്വാക്രീഡാ”വരെ) സരളമായ പൗരാണികകഥകളിലൂടെ അര്‍വ്വാചീന പദത്തെ വര്‍ണ്ണിച്ചിരിക്കുന്നു, അവ സാധനാഭക്തിയിലൂടെ പരമാർത്ഥത്തിലേക്ക് നയിക്കുന്നതിൽ ഏറ്റവും ഉപയോഗമുള്ളവയാണ്. അവസാനത്തെ ആറുശ്ലോക ങ്ങളില്‍ സാധനാഭക്തിഗമ്യമായ പരമപദത്തിന്റെ സാധനകളോടുകൂടിയ വര്‍ണ്ണന യാണ്. ഇപ്രകാരം ഇവിടെ ഭഗവത് മഹിമാ വര്‍ണ്ണനാരൂപത്തിലുള്ള സ്തുതിയാൽ ഭക്തിയുടേയും തത്ത്വജ്ഞാനത്തിന്റെയും ത്രിവേണീ സംഗമമാണ് പ്രാപ്തമാകുന്നത്. ഒരു പ്രകാരത്തിൽ ആദ്യത്തെ ഒന്‍പതുശ്ലോകങ്ങളും അവസാനത്തെ ആറു ശ്ലോകങ്ങളും ചേര്‍ന്ന പതിനഞ്ചുശ്ലോകങ്ങള്‍ തത്ത്വപ്രതിപാദന പ്രധാനങ്ങളാകുന്നു കൂടാതെ മദ്ധ്യഭാഗത്തെ പതിനഞ്ചുശ്ലോകങ്ങള്‍ കഥാകഥനത്തിലൂടെ ഭാവ ഉദ്ഭാവനാ പ്രധാനങ്ങളാണ്. ഇങ്ങനെയൊരു വിലക്ഷണമായ വിഭാജനം ഇവിടെ കാണുന്നുണ്ട്. മുപ്പത്തിയൊന്നാം ശ്ലോകത്തിൽ വാക്യപുഷ്പോപഹാര സമര്‍പ്പണവും, മുപ്പത്തിരണ്ടാമത്തെ ശ്ലോകത്തിൽ തന്റെ നിരഭിമാന പ്രദര്‍ശനത്തിലൂടെ ആദ്യശ്ലോകത്തിന്റെ അര്‍ത്ഥസ്പഷ്ടീകരണവും ഉപസംഹാരവും തന്നെയാണ് ചെയ്തിരിക്കുന്നത്.