Pure Knowledge From Kashikananda Swamiji’s Pravachanam..

Extract From Kashikananda Swamiji’s Patanjala Yoga Suthra Pravachanam..

സ്ഥായി വൃത്തിയുടെ സ്വരൂപം എങ്ങനെ തിരിച്ചറിയാനാകും ? അത് ക്ഷണികവൃത്തി സമാനമായി സാകാരമെന്നതുപോലെ പ്രകടമാണോ ? തീര്‍ച്ചയായും പ്രകടമാണ്, പക്ഷെ അതിനെ തിരിച്ചറിയേണ്ടതായിത്തന്നെ വന്നേക്കും. അതുകൊണ്ടാണ് ഭാഷ്യകാരന്‍ ഇവിടെ വിസ്തൃത നിരൂപണം ചെയ്തിരിക്കുന്നത്. അതിലൂടെ താങ്കള്‍ക്ക് ചിത്തത്തെ അനുസന്ധാനം ചെയ്യാനും, ചിത്ത മെന്തെന്ന ആത്മനിരീക്ഷണത്തിനും, അത് ഏതുദിശയിലേക്കു പോകുന്നു എന്നറിയാനും സാധിക്കും. സാംഖ്യശാസ്ത്രത്തില്‍ എട്ടു ഭാവങ്ങളെ പറഞ്ഞിട്ടുണ്ട്. ധര്‍മ്മം, ജ്ഞാനം വൈരാഗ്യം, ഐശ്വര്യം എന്നീ നാലും, ഇവക്കു വിപരീതമായ അധര്‍മ്മം, അജ്ഞാനം, അവൈരാഗ്യം, അനൈശ്വര്യം എന്നിവയടക്കം എട്ട്. ഇവയില്‍ ഏതിലേക്കാണ് മനസ്സ് ചായുന്നത് എന്നത് നിരീക്ഷിക്കുക. മനസ്സ് ധര്‍മ്മ-ജ്ഞാന-വൈരാഗ്യത്തിലേക്കാണെങ്കില്‍ സത്ത്വപ്രധാനവൃത്തിയും, ഐശ്വര്യാനുസാരിയാണെങ്കില്‍ രജോപ്രധാനവൃത്തിയും, അധര്‍മ്മാദിയായ നാലിനെ അനുസൃതമായാണെങ്കില്‍ തമോപ്രധാനവൃത്തിയുമാണ്.

ആദ്യം അധര്‍മ്മാദികളെ നിരീക്ഷിക്കുക. എന്തെന്നാല്‍ ആദ്യം അതിനെ തന്നെയാണ് നിരാകരിക്കേണ്ടത്. ഈ മനസ്സ് അസത്യ-അധര്‍മ്മ പ്രിയമോ അതോ വിപരീതമോ ? താങ്കള്‍ അസത്യം പറയാറുണ്ടോ ഇല്ലേ, എന്നതല്ല ചോദ്യം. എപ്പോഴെങ്കിലും അസത്യം പറയേണ്ടതായി വന്നാല്‍ പശ്ചാതാപമുണ്ടാകാറുണ്ടോ ? അതല്ല, അത് തന്റെ കഴിവാണെന്നു സ്വയം വിശ്വസിപ്പിച്ച് അസത്യങ്ങളാല്‍ മറയുണ്ടാക്കി, അതു വളച്ചൊടിച്ച് സത്യമാക്കി പ്രഭാസിപ്പിക്കുന്നതിലാണോ രസം കണ്ടെത്തുന്നത്. നേരിട്ട് ഒരാളോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, അസത്യം ആഗ്രഹിക്കുന്നില്ല എന്നായിരിക്കും. എന്നാല്‍ നാം നേരിട്ടുചോദിക്കുന്നില്ല. താങ്കള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തിയാല്‍ മതിയാകും. എനിക്ക് താങ്കളെ നിഷേധിക്കുവാന്‍ സാധിക്കുകയില്ല. താങ്കള്‍ക്ക് സ്വയം പാപോഹം പാപകര്‍മ്മഹം അധമോഹം എന്നെല്ലാം പറയാം, എന്നാല്‍ രണ്ടാമതൊരാള്‍ നിങ്ങള്‍ പാപിയാണ്, പാപകര്‍മ്മങ്ങളിലേര്‍പ്പെടുന്നവനാണ് അധമനാണ് എന്നെല്ലാം പറഞ്ഞാല്‍ അയാളെ തല്ലുന്നതിന് പിന്നാലെ ഓടുകയും ചെയ്യും. അതിനാല്‍ താങ്കള്‍, താങ്കളെ വിലയിരുത്തുകയും, അതിലൂടെ താമസ്സവൃത്തികളെ കണ്ടുപിടിച്ച് അതിനെ നിരോധിക്കാന്‍ ശ്രമിക്കാവുന്നതുമാണ്. അയല്‍പക്കത്തുള്ളവര്‍ തമ്മില്‍ കലഹിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടോ ? മറ്റുള്ളവര്‍ കലഹിച്ച് തമ്മില്‍ അസഭ്യം വര്‍ഷിക്കുമ്പോള്‍ രസം തോന്നുമോ, അതോ ഞാന്‍ ഇവിടെ ഏതു ചെളിക്കുണ്ടിലെത്തിപ്പെട്ടു എന്നു ഖേദിക്കുമോ? ഇങ്ങനെയുള്ളവര്‍ക്കിടയില്‍ ജീവിക്കുന്നുണ്ടോ, ഇല്ലേ എന്നതല്ല ചോദ്യം. ചോദ്യം മനഃസ്ഥിതിയെ കുറിച്ചാണ്. അസത്യാദികളാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ താമസിക വൃത്തിയാണെന്നു മനസ്സിലാക്കണം.അധര്‍മ്മത്തിനുശേഷം അജ്ഞാനത്തെ നോക്കാം. അജ്ഞാനമെന്നാല്‍ ജ്ഞാന അഭാവമെന്ന അര്‍ത്ഥമല്ല, അതുപോലെ അധര്‍മ്മത്തിനര്‍ത്ഥം ധര്‍മ്മ അഭാവം എന്നുമല്ല. ഒരിടത്ത് അടങ്ങിയിരിക്കല്‍ അധര്‍മ്മമല്ല. എന്നാല്‍ ധര്‍മ്മവിരുദ്ധമായ ആചരണം അധര്‍മ്മമാണ്. അതുപോലെ ജ്ഞാനവിരോധിയായ പ്രകാശത്തെയാണ് അജ്ഞാനമെന്നു പറയുന്നത്. സംസാരത്തില്‍ ഏക സത്യവസ്തു പരമാത്മാവാണ്. രണ്ടാമത്, മിഥ്യാവസ്തു സംസാരമാണ്. പരമാത്മാവിഷയകമായ പ്രകാശം ജ്ഞാനവും, സംസാരവിഷയകമായ പ്രകാശം അജ്ഞാനവുമാണ്. താങ്കള്‍ക്കേതാണ് ഇഷ്ടം. ഗീതാ വചനങ്ങളാണോ ആനന്ദം കിട്ടുന്നത്, അതോ വര്‍ത്തമാനപത്രം വായിക്കുന്നതിലോ ? ആത്മ ബോധത്തിലേക്കാണ് മനസ്സെങ്കില്‍ സാത്വികവൃത്തിയാണ്. സംസാരബോധത്തിലേക്കാണ് മനസ്സെങ്കില്‍ താമസിക വൃത്തിയാണ്. പത്രം വായിക്കുന്നതി ന്റെയും വായിക്കാതിരിക്കുന്നതിന്റെയും കാര്യമല്ല. സംസാരത്തില്‍ ജീവിക്കുന്നു എന്നതിനാല്‍ സംസാരത്തിന്റെ വര്‍ത്തമാനസ്ഥിതി അറിയുവാന്‍ പത്രം വായിക്കേണ്ടതു തന്നെയാണ്. കാര്യം താല്‍പര്യമെന്തില്‍ എന്നതിലാണ്. ധാരാളം ആളുകള്‍ക്ക് ചായ, കാപ്പിയെന്നതുപോലെ പത്രവായനയും ലഹരിയാണ്, ഗീത പഠിക്കാന്‍ ലഹരിയില്ല. വര്‍ത്തമാന പത്രതാളിലെ ഓരോ അക്ഷരവും ശ്രദ്ധിച്ചുവായിക്കും. എവിടെയൊക്കെ കലഹമുണ്ടായി, ആരെങ്കിലും ആത്മഹത്യ ചെയ്‌തോ, യുവതി കിണറ്റില്‍ ചാടിയോ എന്നതെല്ലാം താല്‍പര്യത്തോടെ വായിക്കും, മരിച്ചവര്‍ മരിച്ചു. അവരെ രക്ഷിക്കാന്‍ താങ്കള്‍ ഇപ്പോള്‍ പോകാന്‍ പോകുന്നില്ല. ഇനിയിപ്പോള്‍ പോയാല്‍ അവര്‍ രക്ഷപ്പെടുകയുമില്ല. അതു വായിക്കുന്നത് ഒരു വിനോദമാണ് എന്നതാണുത്തരമെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഈ താല്‍പര്യം താമസികവൃത്തിയെ വിളിച്ചറിയിക്കുന്നതാണ്.

മൂന്നാമത് അവൈരാഗ്യമാണ്. അവൈരാഗ്യവും അഭാവരൂപമല്ല മറിച്ച് വൈരാഗ്യവിരോധിയായ രാഗമാണ്. ഇത് സാംഖ്യകാരികയില്‍ സ്പഷ്ടമാക്കുന്നുണ്ട്. ചിത്തം വൈരാഗ്യപ്രിയമോ അതോ വൈരാഗ്യവിമുഖമോ, അഥവാ രാഗപ്രിയമോ അതോ രാഗവിമുഖമോ? എന്നതാണ് നിരീക്ഷിക്കേണ്ടത്. ‘ഗംഗാതീരേ ഹിമഗിരിഗുഹാബദ്ധപത്മാസനസ്ഥഃ’ ഇഷ്ടമോ, അതോ മുംബൈ-ദില്ലി നഗരങ്ങളിലെ കാറുകളുടെ ഹോണ്‍, തൊഴിലിടങ്ങളിലെ കോലാഹലങ്ങള്‍, വീടുകളില്‍ കുട്ടികളുണ്ടാക്കുന്ന കൊടുങ്കാറ്റോ ? ജീവിതക്രമം വിട്ട് ഹിമാലത്തില്‍ പോയി താമസ്സിക്കുന്ന കാര്യമല്ല പറഞ്ഞത്. എന്തെന്നാല്‍ എല്ലാവരും നഗരംവിട്ട് ഹിമാലയത്തില്‍ ചേക്കേറാന്‍ തുടങ്ങിയാല്‍ ഹിമാലയവും മുംബൈ- ദില്ലി നഗരങ്ങളെ പോലായിത്തീരും, ഇക്കാലത്ത് ഹരിദ്വാര്‍, ഹൃഷീകേശ് തുടങ്ങിയ സ്ഥലങ്ങള്‍ ഇങ്ങനെയായിത്തീര്‍ന്നിട്ടുമുണ്ട്. ചോദ്യമിതാണ് താങ്കള്‍ക്ക് എകാന്തതയാണോ പ്രിയം അതോ അനേകാന്തതയോ? എവിടെയിരുന്നാലും വിഷയങ്ങളെ കുറിച്ച് ചിന്തിക്കാതെ സ്വസ്ഥമായിരിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കുമോ, അതോ വിഷയാദികളെ കുറിച്ചുള്ള മനോരാജ്യത്തില്‍ മുഴുകുന്നതാണോ ഇഷ്ടം? വിഷയങ്ങളെ കുറിച്ച് ചിന്തിക്കുന്നതാണ് ഇഷ്ടമെങ്കില്‍ മനസ്സിലാക്കേണ്ടത് രാഗത്തിന് വശംവദനാണെന്നാണ്. താമസികവൃത്തിയാണ് പ്രവര്‍ത്തിക്കുന്നത്. യോഗശാസ്ത്രത്തിന്റെ വിലക്ഷണ വ്യാഖ്യാനമാണിത്. ക്രോധിക്കുന്നവനും നിദ്രയിലാണ്ടുകിടക്കുന്നവനെയും താമസനെന്ന വിശേഷിപ്പിക്കുന്നതു തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും എന്നാല്‍ പത്രം വായിക്കുന്നവനേയും, ജന സമ്മര്‍ദപ്രിയനേയും താമസനെന്നു വിശേഷിപ്പിക്കുന്നത് ഇവിടെ മാത്രം കേള്‍ക്കുന്ന കാര്യമായിരിക്കും.

നാലാമത് അനൈശ്വര്യം. അനൈശ്വര്യവും ഭാവതത്ത്വമാണ്, അഭാവാത്മകമല്ല. ഐശ്വര്യത്തിന് വിപരീതമായതിനെയാണ് അനൈശ്വര്യമെന്നു പറയുന്നത്. ധനസമ്പത്തിനെയല്ല ഐശ്വര്യമെന്നു പറയുന്നത്. ‘ഈശ്വരസ്യ ഭാവം ഐശ്വര്യം’. തപോയോഗ ജനിതമായ സ്ഥായിയായ സാമര്‍ത്ഥ്യം ഐശ്വര്യവും, ലൗകികകാര്യ സാധ്യത്തിനുള്ള ക്ഷണികസാമര്‍ത്ഥ്യം അനൈശ്വര്യവുമാണ്. സരളമായി പറഞ്ഞാല്‍ യോഗസമ്പത്തി(സിദ്ധി)ഐശ്വര്യവും, ധനസമ്പത്ത് അനൈശ്വര്യവുമാണ്. എന്നാല്‍ ചിരകാലത്തെ തപസ്സ്, പ്രയത്‌ന സാധ്യമായ യോഗം എന്നിവയാല്‍ സിദ്ധി സമ്പാദിക്കാമെന്ന് ആരു വിചാരിക്കും ? ധനം അധികാരം തുടങ്ങിയ സാമര്‍ത്ഥ്യം സമ്പാദിക്കുന്നുണ്ടോ ഇല്ലേ എന്ന ചോദ്യമേ ഉദിക്കുന്നില്ല. ധനഐശ്വര്യം ആര്‍ക്കാണ് പ്രിയമല്ലാത്തത്. ചോദ്യം ഇവിടെയും മുമ്പത്തേതു തന്നെ. സത്സംഗാദികളില്‍ ഇരിക്കുമ്പോള്‍ ആര്‍ജ്ജിക്കുന്ന ജ്ഞാനധനത്തിനാണോ താങ്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അതോ ലൗകിക ധനത്തിനോ ? സമയമെത്തുമ്പോള്‍ ധനഐശ്വര്യങ്ങളെ തൃണസമാനം വലിച്ചെറിയുമെന്നത് തന്നെയാണിതിന്റെ ലക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *